
കേരളത്തിൽ പുത്തൻ സാമുദായിക ധ്രുവീകരണം ആവശ്യമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘നായാടി മുതൽ നസ്രാണി വരെ’ ഒരുമിച്ച് നൽക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു. കേരളത്തിന്റെ സാമൂഹിക–രാഷ്ട്രീയ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കൂട്ടായ്മയിലൂടെ കഴിയുമെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം. മുമ്പ് ഉയർത്തിയിരുന്ന ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന ആശയത്തെ കാലഘട്ടത്തിന് അനുസരിച്ച് പുതുക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ കൂടി ഉൾക്കൊള്ളുന്ന ഒരു വിശാല ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആശയത്തിന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. വിദേശത്തുനിന്ന്, പ്രത്യേകിച്ച് അമേരിക്കയിൽ നിന്നുള്ള നസ്രാണി സമൂഹാംഗങ്ങൾ പോലും നേരിട്ട് വന്ന് പിന്തുണയും സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ക്രൈസ്തവ സമൂഹം വലിയ ആശങ്കകളും ഭീതിയും നേരിടുന്നുണ്ടെന്നും, അത് പരസ്യമായി പറയാതെ പലരും സ്വകാര്യമായി തന്റെ അടുത്ത് പരാതികൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവർക്ക് ഇന്ന് ഒരു സുരക്ഷാഭാവം ആവശ്യമാണെന്നും, ആ ഉറപ്പ് ആരിൽ നിന്നാണ് ലഭിക്കുന്നതെങ്കിലും അവർ അത് സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ക്രൈസ്തവരെ രാഷ്ട്രീയമായി ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഇതുവരെ ഫലപ്രദമായിട്ടില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. പി.സി. തോമസ്, അൽഫോൺസ് കണ്ണന്താനം തുടങ്ങിയ നേതാക്കളെ മന്ത്രിമാരാക്കിയതും, എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടിയിലുണ്ടായതും ബിജെപിക്ക് ക്രൈസ്തവ സമൂഹത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നത് മതനേതാക്കളാണെന്നും, അവർ ഇതുവരെ തുറന്ന മനസ്സോടെ ബിജെപിയുമായി ചേർന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേരാൻ ആഗ്രഹമുണ്ടായിരുന്നാലും ചില പ്രശ്നങ്ങളാണ് അവരെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
എൻഎസ്എസ് നേതൃത്വവുമായി മുൻകാലങ്ങളിൽ ഉണ്ടായിരുന്ന അകൽച്ച ഇപ്പോൾ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജി. സുകുമാരൻ നായർ അസുഖബാധിതനായിരുന്നപ്പോൾ താൻ വിളിച്ച് ആശംസ അറിയിച്ചിരുന്നുവെന്നും, പഴയ തരത്തിലുള്ള വൈരാഗ്യം ഇനി നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസും എസ്എൻഡിപിയും ഒന്നിച്ചുനിൽക്കേണ്ടതുണ്ടെന്നും, അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ അകൽച്ച സൃഷ്ടിച്ചത് യുഡിഎഫാണെന്ന ആരോപണവും വെള്ളാപ്പള്ളി ഉന്നയിച്ചു.
മുസ്ലിം സമുദായത്തെ ഈ ഐക്യചിന്തയിൽ നിന്ന് മാറ്റിനിർത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, ക്രൈസ്തവ സമൂഹത്തിനിടയിൽ മുസ്ലിം സമുദായത്തോടുള്ള ഭയം നിലനിൽക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് ഭീകരതയെക്കുറിച്ചുള്ള ആശങ്കയാണ് അതിന് കാരണം എന്നും വെള്ളാപ്പള്ളി മറുപടി നൽകി.
ഇതിനിടെ, പെരുന്നയിലേക്ക് വരുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സൂക്ഷ്മമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. വെള്ളാപ്പള്ളി പെരുന്നയിലേക്ക് വന്നാൽ സ്വീകരിക്കണമോ വേണ്ടയോ എന്നത് ഇപ്പോൾ തീരുമാനിക്കാനാകില്ലെന്നും, അദ്ദേഹം എന്ത് ലക്ഷ്യത്തോടെയാണ് വരുന്നതെന്ന് വ്യക്തമായതിന് ശേഷമേ നിലപാട് എടുക്കാനാകൂ എന്നും സുകുമാരൻ നായർ പറഞ്ഞു. കാരണമറിയാതെ സ്വീകരിക്കാൻ കഴിയില്ലെന്നും, വെള്ളാപ്പള്ളി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകേണ്ടത് അദ്ദേഹം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.











